Kozhikode

മുഖ്യമന്ത്രിയുമായി ആശയങ്ങൾ പങ്കുവെക്കാൻ ആദർശ് കോഴിക്കോടെത്തി

മുഖ്യമന്ത്രിയുമായി വിദ്യാർത്ഥികളുടെ മുഖാമുഖത്തിൽ പങ്കെടുക്കാൻ കോഴിക്കോടെത്തി തിരുവനന്തപുരം നെയ്യാറ്റിൻകര വ്ലാത്താങ്കര സ്വദേശി ആർ എ ആദർശ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുടങ്ങാതെ മാസം തോറും പണം അയച്ചു മുഖ്യമന്ത്രിയുടെ പ്രശംസ പിടിച്ചു പറ്റിയ വിദ്യാർത്ഥിയാണ്  ആദർശ്. നിലവിൽ ധനുവച്ചപുരം വി.ടി.എം എൻഎസ്എസ് കോളേജിൽ ഡിഗ്രി ഒന്നാം വർഷ ബോട്ടണി വിദ്യാർത്ഥിയാണ്. 

2016 ലെ പുറ്റിങ്ങൽ വെടിക്കെട്ട് അപകടം കേരളത്തെ നടുക്കിയതുപോലെ ആദർശിന്റെ മനസ്സിനെയും  ആകുലപ്പെടുത്തി. അന്ന് കലക്ടറുടെ പ്രസ്താവന ടിവിയിൽ കണ്ടു, “മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അർഹതപ്പെട്ടവർക്കെല്ലാം ഉടൻ ഫണ്ട് നൽകും”. ഈ വാക്കുകളിലൂടെയാണ്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് ആദർശ് അറിയുന്നത്. പിന്നീട് ആധ്യാപകരിൽ നിന്ന് ചോദിച്ചറിയുകയും  മറ്റുള്ളവർക്കും ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവനയായി നൽകാം എന്നും മനസ്സിലാക്കിയ ആദർശ് പോസ്റ്റ്ഓഫീസ് മുഖേന പണം അയക്കുകയുമായിരുന്നു. ആദ്യമായി ആ അഞ്ചാം ക്ലാസുകാരൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന 10 രൂപയാണ് അയച്ചത്. മാസം തോറും കൃത്യമായി ഇത്തരത്തിൽ തുക അയക്കുന്ന ആളെ പറ്റി മുഖ്യമന്ത്രിയും അന്വേഷിച്ചു. പിന്നീട് നേരിട്ടു വിളിച്ചു അനുേമോദനപത്രവും നൽകി.

2016 ൽ തുടങ്ങി ഏഴു വർഷത്തിനിപ്പുറവും താൻ സ്വരൂപിക്കുന്ന ഒരു തുക മുടങ്ങാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊണ്ടിരിക്കുകയാണ് ആദർശ്.

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ പ്രളയം  കേരളത്തെ ഉലച്ച സാഹചര്യത്തിൽ  ആദർശ് സർക്കാരിനു മുമ്പിൽ വെച്ച ആശയമായിരുന്നു മണി ബോക്സ്  പ്രോജക്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണത്തിനായി സ്‌കൂളുകളിൽ മണി ബോക്സ് സ്ഥാപിക്കുകയെന്ന ഒൻപതാംക്ലാസുകാരൻ്റെ പദ്ധതിക്ക് സർക്കാർ അംഗീകാരവും നൽകി. ഇതുവഴി 2.81 കോടി രൂപ സമാഹരിച്ചതായി ആദർശ് പറയുന്നു.

ഒരു സ്കൂൾ വിദ്യാർഥി ഏഴ് വർഷമായി എല്ലാ മാസവും മുടക്കമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പൈസ എത്തിക്കുന്നത് ഇന്ത്യ  ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിക്കൊടുത്തു. 

മുഖാമുഖത്തിൽ ആദർശ് മറ്റൊരു നിർദ്ദേശമാണ് മുഖ്യമന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾ  അവിടെത്തന്നെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനാൽ കേരളത്തിൽ ലഭ്യമാവേണ്ട മാനവവിഭവ ശേഷിയിൽ കുറവ് സംഭവിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവന്ന് അഭ്യസ്തവിദ്യരായ യുവജനങ്ങളെ കേരളത്തിൽ തന്നെ തൊഴിലിനായി പ്രാപ്തരാക്കണമെന്ന നിർദേശമാണ് ആദർശ് മുന്നോട്ടുവെച്ചത്.  നിർദ്ദേശം എഴുതി നൽകുകയായിരുന്നു. 

ലഹരിക്കെതിരെ ബോധവത്കരണ ക്ലാസുകൾ നയിച്ചും മറ്റും സാമൂഹ്യ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വിദ്യാർത്ഥി കൂടിയാണ് ആദർശ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close